ചങ്ങനാശേരി: ചങ്ങനാശേരി മാര്‍ക്കറ്റില്‍ സിവില്‍ സപ്ലൈസ് ഉദ്യാഗസ്ഥന് ചമഞ്ഞ് തട്ടിപ്പു നടത്തിയയാള്‍ അറസ്റ്റിലായി. നെടുങ്കണ്ടം അമ്പലപ്പാറ കുഴിവിള വീട്ടില്‍ മനു ദശരഥന് (45) ആണ് അറസ്റ്റിലായത്.
ചങ്ങനാശേരി വട്ടപ്പള്ളി ഭാഗത്തുള്ള പ്രഭു ബാലാജി എന്ന പലചരക്കു ഹോള്‍സെയില്‍ കടയിലെത്തി സിവില്‍ സപ്ലൈസ് ഉദ്യാഗസ്ഥനാണെന്നും കുടുംബശ്രീ പ്രവര്‍ത്തര്‍ക്ക് വിതരണം ചെയ്യാനെന്നു ധരിപ്പിച്ച് 1,250 കിലോ പഞ്ചസാരയും 29 ചാക്ക് അരിയും 10 പെട്ടി വെളിച്ചെണ്ണയും ഉള്‍പ്പെടെ 2,19,775 രൂപയുടെ സാധനങ്ങള്‍ കൈപ്പറ്റിയശേഷം പണം നല്‍കാതെ മുങ്ങുകയായിരുന്നു.
കടയുടമ ചങ്ങനാശേരി പോലീസ് സ്റ്റേഷനില്‍ പരാതി സമര്‍പ്പിച്ചിരുന്നു. കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദിന്റെ നിര്‍ദേശപ്രകാരം ചങ്ങനാശേരി ഡിവൈഎസ്പി കെ.പി. ടോംസണിന്റെ മേല്‍നോട്ടത്തില്‍ പോലീസ് ഇന്‍സ്പെക്ടര്‍ അരുണ്‍ ജെ. മംഗലപ്പള്ളി,
ചങ്ങനാശേരി പോലീസ് സബ് ഇന്‍സ്പെക്ടര്‍ ജെ. സന്ദീപ്, ജൂണിയര്‍ സബ് ഇന്‍സ്പക്ടര്‍ ആര്.പി. ടിനു, സബ് ഇന്‍സ്പെക്ടര്‍മാരായ രാജ് മോഹന്‍, ആന്റണി മൈക്കിള്‍, സീനിയര്‍ സിപിഒ തോമസ് സ്റ്റാന്‍ലി, നിയാസ്, വിനീഷ് മോന് എന്നിവരടങ്ങുന്ന സംഘം നടത്തിയ അന്വേഷണത്തിലാണ് എറണാകുളം മുളന്തുരുത്തി ഭാഗത്ത് ഒളിവില്‍ കഴിയുകയായിരുന്നു പ്രതിയെ പിടികൂടിയത്.
ഇയാള്‍ കേരളത്തിലെ പല സ്ഥലങ്ങളിലും സമാന രീതിയിലുളള തട്ടിപ്പുകള്‍ നടത്തിയിട്ടുളളതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.